2025, ജനുവരി 4, ശനിയാഴ്‌ച

പ്രിയ സുഹൃത്തേ,

നിങ്ങൾ ഇവിടെ എത്തിയത് എന്നെ തേടിയാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ചിലപ്പോൾ എൻ്റെ കഥ വായിക്കാൻ ആയിരിക്കാം, അല്ലെങ്കിൽ ചിലപ്പോൾ എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ആയിരിക്കാം.

വായിക്കാൻ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, എഴുതാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഡയറി താളുകളിലും, പുസ്തകകെട്ടുകളിലുമിരുന്നു ചിതലരിക്കുമായിരുന്ന, അല്ലെങ്കിൽ പഴകി ദ്രവിച്ചു അഗ്നിക്ക് ഇരയാകേണ്ടിയിരുന്ന കുറെ കഥകളുണ്ട്. ചെറുപ്പം മുതൽ എഴുതി ചേർത്തുവെച്ചവയാണ്. പുറമെ കാട്ടാൻ മടിച്ചു ആരോടും പറയാതെ സൂക്ഷിച്ചുവെച്ചിരുന്ന കുറെ കഥകൾ.

കോളേജിൽ ഒരു നാടകത്തിന് സ്ക്രിപ്റ്റ് ആവശ്യം വന്നപ്പോൾ, എഴുതാൻ ആളെ അനേഷിച്ചു നടക്കുന്നതിൻ്റെ ഇടയിൽ ഞാൻ എൻ്റെ പ്രിയ സുഹൃത്തിനോട് ചോദിച്ചു. "ഞാൻ ഒന്ന് എഴുതി നോക്കട്ടെ" എന്ന്. അവനാണ് അത് എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ചത്. ആദ്യമായി എൻ്റെ ഒരു എഴുത്ത്‌ പുറംലോകം അറിയുന്നത് അങ്ങനെയാണ്.

പിന്നെ പതിയെ പതിയെ പുതിയ നാടകങ്ങളായി, ചെറുകഥകളായി, കവിതകളായി, സ്ക്രിപ്റ്റായും നോവലുകളായും എഴുത്ത് വളർന്നുകൊണ്ടേയിരുന്നു. ഓൺലൈനായി പല സ്ഥലങ്ങളിൽ, പല പ്ലാറ്റ്ഫോമുകളിൽ എഴുത്തു തുടർന്നു. വായനക്കാർ ലക്ഷങ്ങൾ കടന്നു. എഴുതിയ ഷോർട്ട് ഫിലിം ഇന്ന് ഇത് എഴുതുമ്പോൾ 36 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു. ചെറുതും വലുതുമായ സമ്മാനങ്ങളും ലഭിച്ചു. എഴുത്തിൽ ആത്മവിശ്വാസം ലഭിച്ചു.

ഇനിയും കുറെ കഥകൾ മനസ്സിലുണ്ട്. എഴുതാനുള്ള മനസ്സുമുണ്ട്. ഇവിടെ എഴുതും എന്ന ചോദ്യം മാത്രം അവശേഷിച്ചു. ഓൺലൈൻ എഴുത്ത് ഞാൻ മടുത്തുതുടങ്ങിയെന്നതാണ് സത്യം. നമ്മൾ അവിടെ ഉള്ളപ്പോൾ മാത്രമേ അത് ആളുകളിലേക്ക് എത്തു എന്നത് ഒരു പ്രശ്നമാണ്. നമ്മുടെ എഴുത്ത് അടയാളപ്പെടുത്താൻ അവിടെ കഴിയുന്നില്ല എന്ന് തോന്നിത്തുടങ്ങി. കഥകൾ ചോദിച്ച് വരുന്നവരോട് പല ഇടങ്ങളിൽ പോയി നോക്കാൻ പറയേണ്ട അവസ്ഥ വന്നു. അതിനുള്ള പരിഹാരം ആലോചിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയിരുന്നു.

ഒടുവിൽ, ഒരു എഴുത്തുകാരൻ്റെ ഏറ്റവും വലിയ ആഗ്രഹമായ പുസ്തകങ്ങളിലേക്കു അത് എത്തിപ്പെട്ടു. എൻ്റെ കഥകൾ പുസ്തകരൂപത്തിൽ ഇറങ്ങുകയാണ് എന്നെ അടയാളപ്പെടുത്താൻ നല്ലത് എന്ന തിരിച്ചറിവിലേക്കു ഞാൻ എത്തി. ഇന്ന് എൻ്റെ കൈയ്യിൽ 50 ഓളം ചെറുകഥകളുണ്ട്, 3 നോവലുകളുണ്ട്, കുറെ കഥകൾ മനസ്സിലുണ്ട്. ഇനിയും ഞാൻ കാത്തിരിക്കുന്നത് എന്നോട് ചെയ്യുന്ന ഒരു വലിയ ചതിയായി എനിക്ക് തോന്നുന്നു. അതുകൊണ്ടു പല പുസ്തകങ്ങളായി ഇത് വെളിച്ചം കാണിക്കണം എന്നാണ് ആഗ്രഹം. ഞാൻ അതിനുള്ള പരിശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.

ഓൺലൈനായി എഴുതിയ കഥകൾ പലതും ഞാൻ പിൻവലിക്കുകയാണ്. എല്ലാം വീണ്ടും അടക്കി പെറുക്കി, കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി നിങ്ങളുടെ മുൻപിൽ പുസ്തകരൂപത്തിൽ എത്തിക്കാൻ കഴിയുമെന്നതാണ് വിശ്വാസം. കഥകൾ തപ്പി വന്നവരോട് അല്പം കൂടി ക്ഷമിക്കാനാണ് ഞാൻ അപേക്ഷിക്കുന്നത്. കാരണം അത് മനോഹരമായി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ, പലയിടങ്ങളിലായി പ്രസിദ്ധീകരിച്ച രചനകൾ ഇപ്പോൾ പിൻവലിക്കുന്നത്.

എൻ്റെ കഥകളിൽ എനിക്ക് വിശ്വാസമുണ്ട്, അത് നിങ്ങളുടെ സമയം കളയില്ലായെന്ന ഉറപ്പുമുണ്ട്. പുതിയ പുസ്തകങ്ങളായി ആ കഥകൾ നിങ്ങളുടെ മുന്നിൽ എത്തും. എല്ലാവരും കൂടെയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വിവരങ്ങൾ അറിയാൻ എൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ നിങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ അവിടെ ഞാൻ അപ്ഡേറ്റുകൾ തരുന്നതായിരിക്കും.

എന്ന് നിങ്ങളുടെ പ്രിയപ്പെട്ട
ജിതിൻ ജോസ്.

2022, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഇതള്‍

ഒരുപാട് നാളുകൾക്ക് ശേഷമാണ് KSRTC ബസ്സിൽ ഇതുപോലെയൊരു യാത്ര. റീന കാറ്റത്ത് പാറി പറന്ന മുടിയിഴകൾ ഒതുക്കി ബസ്സിന്റെ സൈഡ് സീറ്റിൽ, വഴിയരികിലെ കാഴ്ചകളിൽ ലയിച്ചിരുന്നു.

കോളേജിൽ കൂടെ പഠിച്ച സുഹൃത്തുക്കൾ ഒരു ഗെറ്റ് ടുഗെദർ വെച്ചപ്പോൾ ആദ്യം വരാൻ താല്പര്യം തോന്നിയില്ല. കാരണം പഴയ കൂട്ടുകാരുമായി ഇപ്പോൾ വലിയ അടുപ്പമൊന്നുമില്ല. എങ്കിലും, പെട്ടന്ന് ഏതോ ഒരു നിമിഷം തോന്നി പോകണമെന്ന്.

അഷ്ടമുടിക്കായലിനോട് ചേർന്നുകിടക്കുന്ന ഒരു റിസോർട്ടിൽ രണ്ട് പകലും ഒരു രാത്രിയും. വീട്ടുകാരോട് പറഞ്ഞപ്പോൾ കൊന്നില്ലയെന്നെ ഉള്ളു.

രാത്രിയിൽ വിദേശത്തു നിന്ന് പതിവ് പോലെ വരാറുള്ളു ഭർത്താവിന്റെ ഫോൺ കോളിനിടയിൽ വിഷയം അവതരിപ്പിച്ചു.




 

2022, മാർച്ച് 16, ബുധനാഴ്‌ച

തഴമ്പ്

 

ലോഡ് ഇറക്കി തിരികെ വരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ചക്രങ്ങൾ, അതി ഭാരത്തിന്റെ വേദനയില്ലാതെ, വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു. ചക്രങ്ങളെ ബന്ധിപ്പിച്ച ആക്സ്സിൽ പൽചക്രങ്ങളുടെ സഹായത്താൽ എൻജിനിൽ നിന്നുള്ള ഊർജം പകർന്നു നൽകുന്നുണ്ട്‌. എൻജിനും, ഗിയർ ബോക്സ്സും അതിന്റെ യജമാനന്റെ ഇംഗിതം അനുസരിച്ചു പ്രവർത്തിച്ചുകൊണ്ടേയിരുന്നു. 

പതിവുപോലെ രാത്രിയുടെ മറവ് പറ്റിയാണ്, ഇന്നും അവരുടെ മടക്കു യാത്ര. ദീർഘമായ യാത്രകൾക്ക് എന്നും രാത്രികളാണ് നല്ലത്‌. വണ്ടിയുടെ തെയ്മാനം കുറവായിരിക്കും, വഴിയിൽ മറ്റ് വാഹങ്ങളുടെ ശല്യമില്ല, കൂടാതെ ഇന്ധനവും ലാഭം.

മാത്തൻ ഡ്രൈവിംഗ് സീറ്റിൽ നട്ടെല്ല് ചെറുതായി വലത്തോട്ട് വളച്ചാണ് എപ്പോഴും ഇരിക്കുകയോള്ളൂ. പണ്ട് പവർ സ്റ്റിയറിങ് ഇല്ലാത്ത കാലത്ത്, പഴയ മഹീന്ദ്ര ജീപ്പിൽ ഡ്രൈവിംഗ് പഠിച്ച കാലം മുതൽ അയാൾ അങ്ങനെയാണ് ഇരുന്നു ശീലിച്ചത്. ആരെങ്കിലും അതിനെപ്പറ്റി ചോദിച്ചാൽ അയാൾക്ക്  ഒരു മറുപടിയുണ്ട്.

"വണ്ടിക്ക്  ഇടത്തോട്ട് എപ്പോഴും ഒരു വലിവുണ്ടാകും, നമ്മൾ ഇങ്ങനെ പിടിച്ചു മെരുക്കി വേണം ഇവനെ കൊണ്ടുനടക്കാൻ."
 




2022, ജനുവരി 13, വ്യാഴാഴ്‌ച

ഫ്രഞ്ച് കിസ്സ്

 കടൽത്തീരത്തൂടെ ഓടി വരുന്ന ഒരു ദേവി രൂപം. പച്ച കരയുള്ള ചുവന്നപട്ടിൻ്റെ  തുമ്പ്‌, കാറ്റിൽ ഉയർന്നു പറക്കുന്നുണ്ട്. മാറിടങ്ങളെ പൊതിഞ്ഞ ആടയാഭരണങ്ങൾ, ഇരുവശങ്ങളിലേക്കും ആടിയുലഞ്ഞു നൃത്തം ചെയ്യുന്നുണ്ട്. നെറ്റിയിൽ വല്യ ഒരു ചുവന്ന പൊട്ട്. കയ്യിൽ കൂർത്ത മുനയുള്ള ശൂലം. ദേവീ രൂപം ഓടികിതച്ചു വരികയാണ്.

കാറ്റത്ത് പാറിപറക്കുന്ന വെള്ള ഷർട്ടുമിട്ട്, കൈകൾ വിടർത്തി നിൽക്കുന്ന അവനരികിൽ, ആ സുന്ദര രൂപം വന്ന് നിന്ന് കിതച്ചു.

'എന്താ?'

കുസൃതി തുളുമ്പുന്ന മുഖവും കൺപീലികളും ഉയർത്തിയവൾ.

മറുപടി ഒന്നും പറയാതെ, വെറുതെ പുഞ്ചിരിച്ചു നിന്ന അവൻ്റെ മുഖം, ഇരു കൈകളിൽ കോരി എടുത്തു. അവളുടെ നനഞ്ഞ ചുവന്ന ചുണ്ടുകൾ അവൻ്റെ ചുണ്ടിനോട് പതിയെ ചേർത്തു. ചുണ്ടുകൾ തമ്മിൽ കഥ പറയുമ്പോൾ അവളുടെ വിരലുകൾ അവൻ്റെ  മുടിയിഴകൾക്കിടയിലൂടെ പരതി നടന്നു.

'ഫ്രഞ്ച് കിസ്സ്.'

 



 

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഒറ്റ

പച്ചവിരിച്ച നെൽപാടത്തെ തലോടി എത്തിയ കാറ്റ്, പാടവരമ്പിലെ തെങ്ങിൻ തോപ്പിലേക്ക് വീശിയടിച്ചു. തെങ്ങിൻ തോപ്പിൽ ഇളം പുല്ലുകൾക്ക് മുകളിൽ പത്രകടലാസ്സ്‌ വിരിച്ചു നിരത്തിയ ചീട്ടു കൂമ്പാരം മെല്ലെ അനങ്ങിയപ്പോൾ, സതീശൻ കൈ എത്തുന്ന ദൂരത്തിൽ നിന്നും ഒരു കല്ലെടുത്തു കടലാസിന് മുകളിൽ വെച്ചു. സതീശനും കൂട്ടുകാരും ആ പത്രക്കടലാസിന് ചുറ്റും ഇരുന്ന് ചീട്ടുകളി തുടങ്ങിയിട്ട് നേരം കുറെ ആയി.

"അളിയാ, അപ്പോ എങ്ങനെയാ സാധനം എടുക്കണ്ടേ?"

തുടർച്ച ആയി കളിച്ചു തോറ്റ ആലസ്യത്തിൽ സതീശൻ തന്നെ ആണ് വിഷയം എടുത്തിട്ടത്.

"പിന്നെ എടുക്കണ്ടേ?"

അന്നത്തെ മദ്യസേവക്കുള്ള ഷെയറിൻ്റെ കാര്യം ആണ് അവർ സംസാരിച്ചത്. എല്ലാവരും പോക്കറ്റിൽ നിന്നും നൂറിൻ്റെ നോട്ട് എടുത്തു പത്രക്കടലാസിലേക്ക് ഇട്ടു. സതീശൻ നോട്ടുകൾ എല്ലാം പിറക്കി എടുത്തു അടുക്കി.

"എടാ 600 ഒള്ളു, തികയില്ല"

"നീ ആ ഷാജിനെ വിളിക്ക്, അവനാകുമ്പോൾ വണ്ടിയും ഉണ്ട്, ബാക്കി കാശും ഇട്ടോളും. "

 


 


2021, ജൂൺ 21, തിങ്കളാഴ്‌ച

സ്പാനിഷ് ഓംലൈറ്റ്

 ഫോണിൽ രാവിലെ ആറുമണിക്ക് വെച്ച അലാറം അടിക്കുന്ന ശബ്‌ദം കേട്ടാണ് അന്നും സാക്ഷി കണ്ണുകൾ തുറന്നത്.ബെഡ്റൂമിലെ സൈഡ് ടേബിളിൽ,ഹരിയുടെയും സാക്ഷിയുടെയും വിവാഹ ഫോട്ടോയുടെ മുന്നിൽ ഇരിക്കുന്ന ഫോൺ ക്ഷേമകെട്ട് ശബ്‌ദിച്ചുകൊണ്ടിരുന്നു.എഴുന്നേറ്റു പോയി അലാറം ഓഫ് ചെയ്യാൻ ഉള്ള മടി കാരണം അവൾ കണ്ണുകൾ അടച്ചു അല്പനേരം കിടന്നു.
അവളിൽ നിന്നും അകന്ന് ബെഡിൻ്റെ മറുവശത്തു കിടക്കുന്ന ഹരിയുടെ കൈ എത്തുന്ന ദൂരത്തിൽ ആയിരുന്നു ആ സൈഡ് ടേബിളും ഫോണും.അലാറത്തിൻ്റെ ശബ്‌ദം കാരണം ഉറക്കം നഷ്ട്ടപെട്ട അയാൾ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും, ആ ഫോൺ എടുത്തു അലാറം ഓഫ് ചെയ്യാതെ പുതപ്പു തലവഴി മൂടി കിടന്നു.ഒടുവിൽ സഹികെട്ടു സാക്ഷിയോട് ദേഷ്യത്തിൽ അലറി.

"എടി അലാറം അടിക്കുന്നു ...എടുത്തു ഓഫ് ചെയ്യ്."

ഉറക്കച്ചടവോടെ സാക്ഷി പതിയെ എഴുന്നേറ്റു വന്നു ഫോൺ എടുത്തു അലാറം ഓഫ് ചെയിതു.ദിവസം മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിലെ കോഡിന് മുന്നിൽ കുത്തി ഇരിക്കുന്ന ക്ഷീണം കൊണ്ട് രാവിലെ എഴുന്നേൽക്കണം എങ്കിൽ അലാറം തന്നെ വിചാരിക്കണം.

 സ്പാനിഷ് ഓംലൈറ്റ്

 


 

 

2021, ജൂൺ 14, തിങ്കളാഴ്‌ച

കൈയാക്കം

 എത്ര മനസ്സിരുത്തി വായിച്ചാലും ഒരു അക്ഷരം പോലും തലയിൽ കേറില്ല എന്ന് ഉറപ്പുണ്ടായിരുന്നിട്ടും ഞാൻ പുസ്തകം മടിയിൽ വെറുതെ തുറന്നു വെച്ചു.പുസ്തകത്തിലെ വരികളിൽ ഒന്നും കണ്ണ് ഉടക്കില്ല എന്ന് അറിയാമായിരുനെങ്കിലും ഞാൻ ആ കോളജ് വരാന്തയിൽ, അതിൽ തന്നെ നോക്കി ഇരുന്നു.മറ്റുള്ളവരുടെ സഹതാപം നിറഞ്ഞ വാക്കുകളിൽ നിന്നും രക്ഷപ്പെടാമല്ലോ, ദയനീയത നിറഞ്ഞ കണ്ണുകളിൽ നിന്നും ഒളിക്കാമല്ലോ.

പറഞ്ഞു ആശ്വസിപ്പിക്കാൻ വാക്കുകൾക്കു കരുത്തില്ല എന്ന്‌ അറിഞ്ഞിട്ടോ,തടഞ്ഞു നിർത്തിയ കണ്ണുനീർ തടങ്ങൾ പൊട്ടിയാലോ എന്ന്‌ ഭയനിട്ടോ, ഉറ്റ ചെങ്ങാതിമാർ ആരും അടുത്തേക്ക് വന്നില്ല.വരാന്തയുടെ കോണിലെ നിശ്ശബ്ദത നിറഞ്ഞ ഏകാന്തതയിൽ ഞാൻ കാത്തിരിക്കുക ആണ് പരീക്ഷ തുടങ്ങുവാൻ ഉള്ള മണിയടി ശബ്ദത്തിനു വേണ്ടി.

പരീക്ഷ എഴുതുവാൻ ഇരിക്കുമ്പോൾ മുന്നിലെ ചോദ്യപേപ്പറിലെ ഉത്തരം അറിയാമായിരുന്ന ചോദ്യങ്ങളിൽ പോലും മനസ്സ് പതിയുന്നില്ല.കണ്ണിൽ നിറഞ്ഞു നിന്ന കണ്ണുനീർ തുള്ളിയുടെ മറയിലൂടെ കണ്ട അക്ഷരങ്ങൾ മങ്ങിയിരുന്നു.തോൽക്കും ,എങ്കിലും എനിക്ക് ഇന്ന് ഈ പരീക്ഷ എഴുതിയെ മതിയാകു. ജീവിതം തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഈശ്വരനോട് ഉള്ള പ്രതികാരം. ഇനിയും നി എന്നെ തോല്പിക്കു, ഇനിയും നി എന്നെ പരീക്ഷിക്കു. തോൽക്കാൻ തയ്യാർ അല്ലാത്ത മനസ്സുമായി ഞാൻ നിന്നോട് പൊരുത്തിക്കൊണ്ടിരിക്കും,എന്റെ അവസാനം വരെ.


കൈയാക്കം