നിങ്ങൾ ഇവിടെ എത്തിയത് എന്നെ തേടിയാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ചിലപ്പോൾ എൻ്റെ കഥ വായിക്കാൻ ആയിരിക്കാം, അല്ലെങ്കിൽ ചിലപ്പോൾ എന്നെക്കുറിച്ച് കൂടുതൽ അറിയാൻ ആയിരിക്കാം.
വായിക്കാൻ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, എഴുതാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഡയറി താളുകളിലും, പുസ്തകകെട്ടുകളിലുമിരുന്നു ചിതലരിക്കുമായിരുന്ന, അല്ലെങ്കിൽ പഴകി ദ്രവിച്ചു അഗ്നിക്ക് ഇരയാകേണ്ടിയിരുന്ന കുറെ കഥകളുണ്ട്. ചെറുപ്പം മുതൽ എഴുതി ചേർത്തുവെച്ചവയാണ്. പുറമെ കാട്ടാൻ മടിച്ചു ആരോടും പറയാതെ സൂക്ഷിച്ചുവെച്ചിരുന്ന കുറെ കഥകൾ.
കോളേജിൽ ഒരു നാടകത്തിന് സ്ക്രിപ്റ്റ് ആവശ്യം വന്നപ്പോൾ, എഴുതാൻ ആളെ അനേഷിച്ചു നടക്കുന്നതിൻ്റെ ഇടയിൽ ഞാൻ എൻ്റെ പ്രിയ സുഹൃത്തിനോട് ചോദിച്ചു. "ഞാൻ ഒന്ന് എഴുതി നോക്കട്ടെ" എന്ന്. അവനാണ് അത് എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ചത്. ആദ്യമായി എൻ്റെ ഒരു എഴുത്ത് പുറംലോകം അറിയുന്നത് അങ്ങനെയാണ്.
പിന്നെ പതിയെ പതിയെ പുതിയ നാടകങ്ങളായി, ചെറുകഥകളായി, കവിതകളായി, സ്ക്രിപ്റ്റായും നോവലുകളായും എഴുത്ത് വളർന്നുകൊണ്ടേയിരുന്നു. ഓൺലൈനായി പല സ്ഥലങ്ങളിൽ, പല പ്ലാറ്റ്ഫോമുകളിൽ എഴുത്തു തുടർന്നു. വായനക്കാർ ലക്ഷങ്ങൾ കടന്നു. എഴുതിയ ഷോർട്ട് ഫിലിം ഇന്ന് ഇത് എഴുതുമ്പോൾ 36 ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു. ചെറുതും വലുതുമായ സമ്മാനങ്ങളും ലഭിച്ചു. എഴുത്തിൽ ആത്മവിശ്വാസം ലഭിച്ചു.
ഇനിയും കുറെ കഥകൾ മനസ്സിലുണ്ട്. എഴുതാനുള്ള മനസ്സുമുണ്ട്. ഇവിടെ എഴുതും എന്ന ചോദ്യം മാത്രം അവശേഷിച്ചു. ഓൺലൈൻ എഴുത്ത് ഞാൻ മടുത്തുതുടങ്ങിയെന്നതാണ് സത്യം. നമ്മൾ അവിടെ ഉള്ളപ്പോൾ മാത്രമേ അത് ആളുകളിലേക്ക് എത്തു എന്നത് ഒരു പ്രശ്നമാണ്. നമ്മുടെ എഴുത്ത് അടയാളപ്പെടുത്താൻ അവിടെ കഴിയുന്നില്ല എന്ന് തോന്നിത്തുടങ്ങി. കഥകൾ ചോദിച്ച് വരുന്നവരോട് പല ഇടങ്ങളിൽ പോയി നോക്കാൻ പറയേണ്ട അവസ്ഥ വന്നു. അതിനുള്ള പരിഹാരം ആലോചിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയിരുന്നു.
ഒടുവിൽ, ഒരു എഴുത്തുകാരൻ്റെ ഏറ്റവും വലിയ ആഗ്രഹമായ പുസ്തകങ്ങളിലേക്കു അത് എത്തിപ്പെട്ടു. എൻ്റെ കഥകൾ പുസ്തകരൂപത്തിൽ ഇറങ്ങുകയാണ് എന്നെ അടയാളപ്പെടുത്താൻ നല്ലത് എന്ന തിരിച്ചറിവിലേക്കു ഞാൻ എത്തി. ഇന്ന് എൻ്റെ കൈയ്യിൽ 50 ഓളം ചെറുകഥകളുണ്ട്, 3 നോവലുകളുണ്ട്, കുറെ കഥകൾ മനസ്സിലുണ്ട്. ഇനിയും ഞാൻ കാത്തിരിക്കുന്നത് എന്നോട് ചെയ്യുന്ന ഒരു വലിയ ചതിയായി എനിക്ക് തോന്നുന്നു. അതുകൊണ്ടു പല പുസ്തകങ്ങളായി ഇത് വെളിച്ചം കാണിക്കണം എന്നാണ് ആഗ്രഹം. ഞാൻ അതിനുള്ള പരിശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.
ഓൺലൈനായി എഴുതിയ കഥകൾ പലതും ഞാൻ പിൻവലിക്കുകയാണ്. എല്ലാം വീണ്ടും അടക്കി പെറുക്കി, കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി നിങ്ങളുടെ മുൻപിൽ പുസ്തകരൂപത്തിൽ എത്തിക്കാൻ കഴിയുമെന്നതാണ് വിശ്വാസം. കഥകൾ തപ്പി വന്നവരോട് അല്പം കൂടി ക്ഷമിക്കാനാണ് ഞാൻ അപേക്ഷിക്കുന്നത്. കാരണം അത് മനോഹരമായി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ, പലയിടങ്ങളിലായി പ്രസിദ്ധീകരിച്ച രചനകൾ ഇപ്പോൾ പിൻവലിക്കുന്നത്.
എൻ്റെ കഥകളിൽ എനിക്ക് വിശ്വാസമുണ്ട്, അത് നിങ്ങളുടെ സമയം കളയില്ലായെന്ന ഉറപ്പുമുണ്ട്. പുതിയ പുസ്തകങ്ങളായി ആ കഥകൾ നിങ്ങളുടെ മുന്നിൽ എത്തും. എല്ലാവരും കൂടെയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വിവരങ്ങൾ അറിയാൻ എൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ നിങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ അവിടെ ഞാൻ അപ്ഡേറ്റുകൾ തരുന്നതായിരിക്കും.
എന്ന് നിങ്ങളുടെ പ്രിയപ്പെട്ട
ജിതിൻ ജോസ്.