ഇടിച്ചു കുത്തി പെയ്യുന്ന പെരുമഴയും നോക്കി ചേന്നൻ തൻ്റെ ഓല കൂരയുടെ ചാണകം
മെഴുകിയ ഭിത്തിയിൽ ചാരി ഇരിക്കുകയാണ്.ആ ഇരുപ്പു തുടങ്ങിയിട്ട് നേരം കുറെ
ആയി.മുറ്റത്തു തളം കെട്ടിയ മഴവെള്ളം മുള്ളുവേലിക്കിടയിലൂടെ ഒഴുകി ഇറങ്ങാൻ
ഉള്ള വെപ്രാളത്തിൽ ആയിരുന്നു.ആ കൊച്ചു പ്രളയത്തിൽ ആവാസസ്ഥലം നഷ്ട്ടപെട്ട
ഒരു പോക്കാച്ചിത്തവള ചേന്നൻ്റെ അടുത്തു വന്നിരുന്നു.മേൽക്കൂരയിലെ
ഓലകീറിനിടയിലൂടെ നുഴ്ന്നിറങ്ങുന്ന മഴത്തുള്ളികൾ ആ ഒറ്റമുറി കുടിലിലെ
മൺതറയിൽ മേഘ ചിത്രങ്ങൾ വരക്കുന്നുണ്ട്.മഴത്തുള്ളികളുമായി വീശി അടിക്കുന്ന
കാറ്റിൻ്റെ ലക്ഷ്യം ചേന്നൻ ആണ്. കാരിരുമ്പിൻ്റെ നിറമുള്ള ചേന്നൻ്റെ
തൊലിക്കുള്ളിലേക്കു പടർന്നിറങ്ങാൻ ശ്രമിച്ചു അത് പരാജയപ്പെട്ടു.നിന്ന്
പെയ്താലും, നീണ്ട് പെയ്താലും ചേന്നൻ അനങ്ങില്ലെന്ന് മനസ്സിലാക്കിയപ്പോൾ,
മഴമേഘങ്ങൾ തോൽവി സമ്മതിച്ചു പിൻവാങ്ങി തുടങ്ങി.
മഴ ഒതുങ്ങിയപ്പോൾ
ചേന്നൻ എഴുന്നേറ്റു.ആ ഓലകൂരയെ താങ്ങി നിർത്തിയ, ദ്രവിച്ച അടക്കാമരത്തിൻ്റെ
നാരുള്ള പട്ടിക്കക്കു ഇടയിൽ നിന്നും, പന കൈ വെട്ടി, കണ്ണപ്പ് ഒരുക്കി,
ചുടാക്കി വഴക്കി എടുത്ത ചുണ്ട കണ എടുത്തു.
മൺതറയുടെ ഓരത്തു, ഓലകീറിൻ്റെ തണലിൽ, കുഴിയാന ചുഴിയുടെ അരികിൽ നിന്നും കണ്ണില്ലാത്ത ഒരു ചിരട്ട ചേന്നൻ തപ്പി എടുത്തു.എന്നിട്ടു അത് അലക്കു കല്ലിൽ കൊട്ടി വൃത്തിയാക്കി.വാഴത്തോപ്പിനിടയിലെ കരിയില ചിഞ്ഞു കറുത്ത മണ്ണിൽ, മുറ്റത്തു കിടന്ന ചെറുകവര കൊമ്പ് കൊണ്ട് അയാൾ മണ്ണ് മാന്തി നോക്കി.മണ്ണിളകി വെളിച്ചം കണ്ടപ്പോൾ വീണ്ടും മണ്ണിൽ ഒളിക്കാൻ ആയി പാഞ്ഞു നീണ്ട മണ്ണിരകൾ.ചേന്നൻ അതിനെ പിറക്കി എടുത്തു ചിരട്ടയിൽ ഇട്ടു.മണ്ണ് തപ്പി ചിരട്ടക്കുള്ളിൽ ഇരുവശത്തും അലഞ്ഞു നടന്ന അവറ്റകൾക്കു ആശ്വാസമായി ചേന്നൻ ഒരു പിടി ചിഞ്ഞ മണ്ണും വാരി ചിരട്ടയിൽ ഇട്ടു.